Monday, 9 December 2013

അര്‍ത്ഥപരിണാമം


വായില്‍നിന്നടര്‍ന്നുവീഴവെ വാക്കുകള്‍ അര്‍ത്ഥം തേടിയലഞ്ഞു
കേട്ടവര്‍ കേട്ടവര്‍ ഓരോ ഭാഷ്യം നല്‍കി
കൂടുതല്‍ അര്‍ത്ഥം കിട്ടിയവ ഭാരത്താല്‍ നിലംപതിച്ചു
ഭാരം കുറഞ്ഞവര്‍ വീണ്ടും പറന്നലഞ്ഞു.

കൂടുതല്‍ ഭംഗി പറയുമ്പോളോ കേള്‍ക്കുമ്പോളോ?
പറഞ്ഞവനും കേട്ടവനും അന്തംവിട്ടിരുന്നു
കൂടുതല്‍ അര്‍ത്ഥം എനിക്കോ നിനക്കോ ?
വാക്കുകള്‍ തമ്മില്‍ കലഹിച്ചുകൊണ്ടേയിരുന്നു.

വാക്കിനര്‍ത്ഥം പറഞ്ഞവനെ അറിയൂയെന്ന-
 ഹങ്കരിച്ചു നിന്നവര്‍ അവരില്‍ചിലര്‍
പറഞ്ഞതില്‍ കൂടുതല്‍ ഞാന്‍ കേട്ടപ്പോളറിഞ്ഞു
എന്ന ഗര്‍വില്‍ അര്‍ത്ഥംചമച്ചവര്‍ മറ്റുചിലര്‍

'വാക്കിനാല്‍ ഞാന്‍  നിന്‍റെ മാനം കെടുത്തും'
അവരില്‍ ചിലര്‍ വെല്ലുവിളിച്ചു
'എന്‍റെ ഭാഷ്യം നിന്‍റെ വാക്കിനെ ദുഷിപ്പിക്കും'
ചിലര്‍ തിരിച്ചും  പോര്‍വിളി ച്ചു.

പറയാന്‍ മടിച്ചപ്പോള്‍  ചില വാക്കുകള്‍
മൌനക്കടലില്‍ മുങ്ങിമരിച്ചു
 ഏതോ നിഗൂഢമാം  അര്‍ത്ഥംപേറി,വാക്കുകള്‍ക്കിടയില്‍
 മൌനം നിറഞ്ഞു , കനമുള്ള മൌനം.

കുതറിമാറിയ ചിലത് ബാക്കിയുണ്ടായിരുന്നു
അവ ഗദ്ഗദങ്ങളായി പുറത്തുവന്നു
അവയ്ക്ക് അര്‍ത്ഥമുണ്ടോ ഇല്ലയോയെന്നു
ആര്‍ക്കും അറിയില്ലായിരുന്നു...

                                              വഴിപോക്കന്‍






Wednesday, 4 December 2013

നമുക്കിടയില്‍



നമ്മുക്കിടയില്‍ എന്താണെന്നെനിക്കിന്നുമറിയില്ല
എന്തായാലും അത് പ്രണയമല്ലയിരുന്നു
അതൊരിക്കലും വെറുപ്പോ അറപ്പോ അല്ലായിരുന്നു
എനിക്കിനിയും ഗ്രഹിക്കാത്ത മറെന്തോ ഒന്ന്

ഹൃദയത്തില്‍ കൊത്തിവലിക്കുന്ന നോട്ടംകൊണ്ടുനീ
  കാന്തംപോലെ എന്നെ  നിന്നിലേക്ക്‌ വലിച്ചിട്ടു
അപ്പോള്‍ എനിക്ക് തോന്നി  നമ്മള്‍ ഇണക്കുരുവികള്‍,
ഒരുമിക്കാന്‍ കാലം വിധിയെഴുതിയവര്‍ എന്ന്

ഉള്ളിലെ കത്തുന്ന തീക്കനല്‍ തൊട്ടറിഞ്ഞനാള്‍
അറിയാതെ ഞാന്‍ അകലം പാലിച്ചു
അന്നെന്‍റെയുള്ളിന്‍റെയുള്ളില്‍ ആരോ മന്ത്രിച്ചു
അകലാന്‍ വിധിയുള്ള ഏകധ്രുവങ്ങള്‍ നമ്മളെന്ന്

എന്‍റെ ഹൃത്തടത്തില്‍ കൈതൊട്ടപ്പോള്‍ ഞാന്‍ അറിഞ്ഞു
ആ മിടിപ്പുകള്‍ക്ക് നിന്നോടെന്തോ പറയാന്‍ ബാക്കിയുണ്ടെന്ന്
നമുക്കിടയില്‍ പ്രണയത്തിന്‍റെ ബന്ധനം തീര്‍ക്കാത്ത
പ്രപഞ്ച ശക്തികളെ ഞാനന്ന് ശപിച്ചു , വെറുതെ ശപിച്ചു

നമുക്കിടയില്‍ പക്ഷെ എന്തോ ഉണ്ടായിരുന്നു
വാക്കിനും നോക്കിനും മൌനത്തിനുമപ്പുറം
നമുക്കിടയില്‍ ഒരു വഴിമരുന്നുണ്ടായിരുന്നു
അതിപ്പോഴും തീകാത്തുകിടക്കുന്നു .........